ആരംഭം
2020-ൽ, ഗോപ്രോയുടെ (GoPro) മുൻ ഉദ്യോഗസ്ഥനായിരുന്ന, ഫ്രഞ്ചുകാരനായ അലക്സിസ് ബാരിയാത്ത് നിർമ്മിച്ച ആപ്പ് ഇത്രയും കാലം വല്യ അനക്കമില്ലാതെ ആപ്പ് സ്റ്റോറുകളിൽ കിടക്കുകയായിരുന്നു. പിന്നീട്, പെയ്ഡ് അമ്പാസഡർ പ്രോഗാം ആരംഭിച്ചതോടെ കോളേജ് ക്യാമ്പസുകളിൽ നിന്ന് ഒരുപാട് ഉപയോക്താക്കളെ ലഭിച്ചു, പ്രചാരം കൂടി. 2022 ആഗസ്റ്റ് മാസം അവസാനത്തോടെ 1 കോടി ഉപയോക്താക്കളെയാണ് ആപ്പ് നേടിയത്!
പ്രവർത്തനം
ഒരു സിംഗിൾ പർപ്പസ് ആപ്പാണിത്. അതായത് ആപ്പിന് ആകെ ഒരു ഉദ്ദേശമേ ഒള്ളൂ – ഫോട്ടോ എടുക്കുക! ചാറ്റ് ഇല്ല, കോൾ ഓപ്ഷനില്ല, വീഡിയോ ഇല്ല… ഇൻസ്റ്റാൾ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കി കഴിയുമ്പോൾ എല്ലാ ദിവസവും ഏതെങ്കിലും ഒരു അനിശ്ചിത സമയത്ത് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഉടൻ തന്നെ ആപ്പ് തുറന്ന് ഫോട്ടോ എടുക്കണം. വൈകിയാലും കുഴപ്പമൊന്നുമില്ല, ലേറ്റാണ് എന്നൊരു മെസേജ് നമ്മുടെ പോസ്റ്റിന്റെ ഒപ്പം കാണും എന്നേയൊള്ളൂ. നമ്മുടെ പോസ്റ്റുകൾ ആർക്കൊക്കെ (സുഹൃത്തുക്കൾക്ക് മാത്രം / എല്ലാവർക്കും) കാണാമെന്നും നമുക്ക് തീരുമാനിക്കാം. നമ്മുടെ പഴയ പോസ്റ്റുകൾ (മെമ്മറീസ് എന്നാണ് ഇവയെ പറയുന്നത്) നമുക്ക് മാത്രമേ കാണാൻ സാധിക്കൂ. എല്ലാവർക്കും കാണാവുന്ന പോസ്റ്റുകൾ Discovery എന്നൊരു സെക്ഷനിൽ ലഭിക്കും. മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് നമ്മുടെ സ്വന്തം ഇമോജി നിർമ്മിച്ച് പ്രതികരിക്കാൻ സാധിക്കും. റിയൽമോജി (RealMoji) എന്നാണിതിനെപ്പറയുക.
പ്രത്യേകതകൾ
ബീറിയൽ ആപ്പ് തുറക്കുമ്പോൾ ഫോണിന്റെ ഫ്രണ്ട് & ബാക്ക് ക്യാമറ ഒന്നിച്ച് ഒരേ സമയത്താണ് ഫോട്ടോ എടുക്കുക. ആപ്പിന്റെ പേര് പോലെ തന്നെ നമ്മുടെ യഥാർത്ഥ മുഖവും ചുറ്റുപാടും അവസ്ഥയും സമൂഹവുമായി പങ്കുവെയ്ക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം! ഒരു ഡിജിറ്റൽ ഫോട്ടോ ഡയറി പോലെയാണ് ഈ ആപ്പ്. ഓരോ ദിവസത്തെയും നമ്മുടെ മുഖവും നമ്മൾ എന്ത് ചെയ്തുവെന്നും ഈ ആപ്പിലൂടെ നമുക്ക് പിന്നീട് കാണാൻ സാധിക്കും.
പ്രചാരണത്തിന് പിന്നിൽ
നിരന്തരം ഉപയോഗിച്ച ആപ്പുകളിൽ നിന്ന് ഒരു വ്യത്യസ്ത ലഭിക്കുന്നുവെന്ന കാരണം തന്നെയാണ് ഇതിന്റെ സമീപകാല പ്രചാരണത്തിന് പിന്നിൽ. ഫോട്ടോ എടുക്കുക എന്ന ഒറ്റ സവിശേഷത മാത്രമേയുള്ളുവെന്നതിനാൽ സോഷ്യൽ മീഡിയ അഡിക്ഷൻ മറ്റു ആപ്പുകളെ വെച്ചുനോക്കുമ്പോൾ കുറവായിരിക്കും. ഒരു ദിവസം ഒറ്റ ഫോട്ടോ മാത്രമേ ഇടാൻ പറ്റൂ. ഫോട്ടോ എഡിറ്റ് ചെയ്യാനോ, ഫിൽറ്ററുകൾ ചേർക്കാനോ സാധിക്കില്ല. നിലവിൽ ആപ്പിൽ പരസ്യങ്ങളുമില്ല. മറ്റുള്ളവരെ ഫോളോ ചെയ്യാൻ സാധിക്കില്ല, ഫ്രണ്ട് റിക്വസ്റ്റ് അയക്കാനേ സാധിക്കൂ.
പ്രശ്നങ്ങളും ആശങ്കകളും
പുതിയ ആപ്പായതിനാൽ ഉപയോക്താക്കളുടെ എണ്ണം കൂടിയപ്പോൾ ബഗ്ഗുകളും കൂടി. പലപ്പോഴും ക്യാമറ തുറക്കുമ്പോൾ ഇഴച്ചിലും, ഇമോജി ഉപയോഗിച്ച് പ്രതികരിക്കുമ്പോൾ അത് രജിസ്റ്റർ ആകാതെ വരികയും ചെയ്യുന്നുണ്ട്.
സ്വകാര്യത വിലമതിക്കുന്നവർക്ക് ചിലപ്പോൾ ഈ ആപ്പ് ഒരു പേടിസ്വപ്നമായിരിക്കും. കാരണം, നമ്മുടെ മുഖവും ചുറ്റുപാടും സ്ഥലവും മറ്റുള്ളവർക്ക് ലഭ്യമാവുകയാണ്. ഫ്രണ്ട് ക്യാമറ ആപ്പിൽ തന്നെ മറയ്ക്കാൻ സാധിക്കും. ചില ഉപയോക്താക്കൾ ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും മറച്ചുപിടിച്ച് പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്! നിലവിൽ കണ്ടന്റ് മോണിറ്ററിങ് ഇല്ല. അതിനാൽ എന്തുതരം പോസ്റ്റുകളും പ്രതീക്ഷിക്കാം. എന്നിരുന്നാലും, പോസ്റ്റ് റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനമുണ്ട്.
കോപ്പിയടി
സംഗതി ബീറിയൽ അല്ല ഈ സവിശേഷതയോടുകൂടി ആദ്യമായി വന്നത് എങ്കിലും, ഇൻസ്റ്റഗ്രാമും സ്നാപ്ചാറ്റും ഇപ്പോൾ ഇതേ സംവിധാനം അവരുടെ ആപ്പുകളിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.