hacker

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ ചിത്രത്തിൽ മാൽവെയർ ഒളിപ്പിച്ച് ഹാക്കർമാർ

കമ്പ്യൂട്ടറുകളിൽ മാൽവെയറുകളെ പടർത്തി ആക്രമിക്കാൻ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (James Webb Space Telescope) എടുത്ത വളരെ പ്രചാരത്തിലുള്ള ഒരു ചിത്രം ഹാക്കർമാർ ഉപയോഗിക്കുന്നതായി സൈബർസുരക്ഷാ വിദഗ്ധർ കണ്ടെത്തി. ദൂരദർശിനി എടുത്ത ആദ്യത്തെ ചിത്രമാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്. വെബ്സ് ഫസ്റ്റ് ഡീപ് ഫീൽഡ് (Webb’s First Deep Field) എന്നാണ് ഈ ചിത്രത്തിന്റെ പേര്.

മൈക്രോസോഫ്റ്റ് ഓഫീസ് ഡോക്യുമെന്റ് (doc) ഫയൽ ഫിഷിങ് ഇമെയിലിന്റെ ഒപ്പം ലഭിക്കുന്നിടത്താണ് ആക്രമണത്തിന്റെ തുടക്കം. ഈ ഡൊക്യുമെന്റ് തുറക്കുമ്പോൾ ഉപദ്രവകാരിയായ ഒരു ടെമ്പ്ലേറ്റ് ഫയൽ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ആകുന്നു. ഓഫീസിൽ മാക്രോസ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ടെങ്കിൽ, ഈ ഫയലിലെ കമാൻഡുകൾ യാന്ത്രികമായി പ്രവർത്തിക്കുകയും ഒരു JPG ഫയൽ ഡൗൺലോഡ് ആക്കുകയും ചെയ്യുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി എടുത്ത പ്രസ്തുതചിത്രമാണത്. ഒറ്റനോട്ടത്തിൽ സാധാരണ ചിത്രം പോലെ തോന്നുമെങ്കിലും അതിൽ ഉപദ്രവകരമായ കമാൻഡുകൾ, സ്റ്റെഗനോഗ്രഫി എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, ഉൾക്കൊള്ളിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിനെ റിമോട്ടായി നിയന്ത്രിക്കാൻ അതുവഴി ഹാക്കറിന് സാധിക്കുന്നു.

GO#WEBBFUSCATOR എന്ന് പേരിട്ടിരിക്കുന്ന ഈ മാൽവെയർ ക്യാമ്പയിൻ സെക്യൂറോണിക്സ് (Securonix) എന്ന സൈബർസുരക്ഷാ ഏജൻസിയാണ് കണ്ടെത്തിയത്. പഠനം അവരുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോ എന്ന പ്രോഗ്രാമിങ് ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ മാൽവെയർ വിൻഡോസ്, ലിനക്സ്, മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുമെന്നും വൈറസ്ടോട്ടൽ (VirusTotal) പോലുള്ള നിലവിലെ ആന്റിവൈറസ് കമ്പനികൾക്ക് അവയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.

വൈറസ്ടോട്ടലിലെ റിപ്പോർട്ട് | securonix.com
വൈറസ്ടോട്ടലിലെ റിപ്പോർട്ട് | securonix.com

ഈ മാൽവെയറിൽ നിന്നും രക്ഷനേടാൻ പരിചതമല്ലാത്ത ഇമെയിലുകളിൽ നിന്ന് ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക, ഓഫീസിനായി മൈക്രോസോഫ്റ്റ് നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സെക്യൂറോണിക്സ് നൽകിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali