മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എങ്ങനെ കണ്ടെത്താം?

ഏറെ ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും വാങ്ങിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ നമുക്കുണ്ടാകുന്ന പ്രയാസവും ബുദ്ധിമുട്ടും ഊഹിക്കാവുന്നതേയുള്ളു. പ്രത്യേകിച്ച്, നമ്മുടെ ഒരു ഒരുപാട് പ്രധാനപ്പെട്ട ഫയലുകളും മറ്റും അതിലുണ്ടെങ്കിൽ ആശങ്കയേറും. ഫോൺ നഷ്ടപ്പെട്ടിട്ട് അത് കണ്ടെത്താൻ നെട്ടോട്ടമോടുന്നതിനിടയിൽ “അയ്യോ, അത് ചെയ്തിരുന്നെങ്കിൽ ഫോണിപ്പൊ കിട്ടിയേനെ” എന്നൊക്കെ ഓർത്ത് വിഷമിക്കുന്നതിനേക്കാൾ, നഷ്ടപ്പെടുന്നതിന് മുൻപേ മുൻകരുതൽ എന്ന നിലയിൽ ചില കാര്യങ്ങൾ ചെയ്തുവെയ്ക്കുന്നതാണ്. അത്തരം ചില കാര്യങ്ങളെപ്പറ്റിയും നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ട നടപടികളെപ്പറ്റിയുമാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. ഫോൺ നഷ്ടപ്പെട്ടാൽ ഉപയോക്താക്കൾക്ക് സ്വയം കണ്ടെത്താൻ സഹായിക്കുന്ന ഒരു പോർട്ടൽ 2023 മെയ് മാസത്തിൽ ഇന്ത്യൻ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. അതിനെപ്പറ്റിയും ലേഖനത്തിൽ എഴുതിയിട്ടുണ്ട്.

ഫൈൻഡ് മൈ ഡിവൈസ് (Find My Device)

ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ നൽകിയിട്ടുള്ള ഒരു സംവിധാനമാണ് ഫൈൻഡ് മൈ ഡിവൈസ് (Find My Device). ജിപിഎസും (GPS), ഇന്റർനെറ്റും ഉപയോഗപ്പെടുത്തിയാണ് ഇതിൽ ഫോണിന്റെ സ്ഥാനം നിർണ്ണയിക്കുന്നത്. അതിനാൽ തന്നെ ഫോൺ നഷ്ടപ്പെട്ടാൽ ഇതിലൂടെ കണ്ടെത്തണമെങ്കിൽ, ഇവയെല്ലാം പ്രവർത്തനസജ്ജമായിരിക്കണം.

  1. ആദ്യം ഗൂഗിൾ അക്കൗണ്ടിൽ Sign-in ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനായി, ഫോൺ Settings എടുത്ത് Accounts എന്ന സെക്ഷനിൽ നോക്കുക.

    Google
    Google
  2. ഇനി Google Account-ൽ ടാപ്പ് ചെയ്ത് Find My Device എന്ന ഓപ്ഷൻ എടുക്കുക.

    Find My Device
    Find My Device
  3. Use Find My Device എന്നത് എനേബിൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

    Use Find My Device
    Use Find My Device
  4. ലൊക്കേഷൻ എനേബിൾ ചെയ്തിട്ടില്ലെങ്കിൽ അതിന്റെയടിയിൽ Turn on device location എന്ന് കാണാൻ സാധിക്കും. Location Settings എടുത്ത് Location access എന്നത് എനേബിൾ ചെയ്യുക.

    Location access
    Location access
  5. ഷവോമിയുടെ ഫോണിൽ മറ്റൊരു വിധത്തിലും നിങ്ങൾക്ക് Find My Device ആക്സസ് ചെയ്യാം. അതിനായി Passwords & security എടുക്കുക.

    Passwords & security
    Passwords & security
  6. ശേഷം, Privacy എടുത്താൽ Find My Device എടുക്കാവുന്നതാണ്.

    Privacy
    Privacy
  7. Find My Device-ൽ Store recent location എന്നൊരു ഓപ്ഷൻ കൂടി ഗൂഗിൾ പുതിയതായി കൊണ്ടുവന്നിട്ടുണ്ട്. ഇത് എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായി തുടങ്ങിയിട്ടില്ല. നിങ്ങൾക്ക് ആ ഓപ്ഷൻ ലഭിക്കുന്നുണ്ടെങ്കിൽ അതും പ്രവർത്തനസജ്ജമാക്കാവുന്നതാണ്.

ഇത്രയും ചെയ്തതിനുശേഷം, android.com/find എന്ന വെബ്സൈറ്റിൽ കയറിയാൽ ഫോണിന്റെ ലൊക്കേഷൻ ലഭിക്കുന്നതാണ്. Find My Device ആപ്പ് ഇൻസ്റ്റാൾ ചെയ്തും ഉപയോഗിക്കാവുന്നതാണ്. ഫോണിലെ ഡേറ്റ മായിക്കാനും, ഫോണിലെ ഗൂഗിൾ അക്കൗണ്ട് Sign-out ചെയ്ത് സുരക്ഷിതമാക്കാനും ഇവയിൽ ഓപ്ഷൻ കാണാം.

ഫൈൻഡ് മൈ നെറ്റ്‌വർക്ക് (Find My Network)

ആപ്പിൾ ഡിവൈസ് ഉപഭോക്താക്കൾക്ക് ആപ്പിൾ നൽകുന്ന ഒരു സേവനമാണ് ഫൈൻഡ് മൈ നെറ്റ്‌വർക്ക്. ലക്ഷക്കണക്കിന് ആപ്പിൾ ഡിവൈസുകളിലെ ബ്ലൂടൂത്ത് സെൻസറുകൾ ഉപയോഗപ്പെടുത്തി നഷ്ടപ്പെട്ട ആപ്പിൾ ഡിവൈസിന്റെ ലൊക്കേഷൻ റിപ്പോർട്ട് ചെയ്യുന്ന സംവിധാനമാണിത്. ഡിവൈസിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഇത് പ്രവർത്തിക്കും.

  1. ഇത് സജ്ജമാക്കാനായി ഐഫോണിലെ Settings എടുക്കുക.
  2. നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്ത് Find My എന്ന ഓപ്ഷനെടുക്കുക.
  3. Find My (Device) എന്നതിൽ ടാപ്പ് ചെയ്ത് Find My (Device) എനേബിൾ ചെയ്യുക.
  4. ശേഷം, Find My Network എനേബിൾ ചെയ്യുക.
  5. ഡിവൈസിൽ ബാറ്ററി കുറവുള്ളപ്പോൾ ലൊക്കേഷൻ അയക്കണമെങ്കിൽ Send Last Location എനേബിൾ ചെയ്യണം.

ഐക്ലൗഡ് (iCloud) വെബ്സൈറ്റ് വഴിയോ ഫൈൻഡ് മൈ ഐഫോൺ ആപ്പ് വഴിയോ നിങ്ങൾക്ക് ഡിവൈസ് ട്രാക്ക് ചെയ്യാം.

ഷവോമി ഫൈൻഡ് ഡിവൈസ് (Xiaomi Find Device)

ഷവോമിയുടെ ഫോണുകളിൽ ലഭ്യമായിട്ടുള്ള ഒരു സേവനമാണ് ഫൈൻഡ് ഡിവൈസ്. ഡിഫോൾട്ടായി ഇത് പ്രവർത്തനസജ്ജമായിരിക്കും. സജ്ജമാണോയെന്നറിയാൻ ഷവോമിയുടെ സൈറ്റിൽ കയറി നോക്കുക. സൈറ്റിൽ നിങ്ങളുടെ ഫോൺ ലൊക്കേഷൻ കാണുന്നുണ്ടെങ്കിൽ അത് സജ്ജമാണെന്ന് അർത്ഥം. ഇനി കാണിക്കുന്നില്ലെങ്കിൽ വളരെയെളുപ്പത്തിൽ അത് സജ്ജമാക്കാൻ സാധിക്കുന്നതാണ്. അതിനായി,

  1. ഷവോമി ഫോണിൽ Settings എടുത്ത് Xiaomi Account-ലേക്ക് പോവുക.

    Mi Account
    Mi Account
  2. അതിൽ Devices-ലേക്ക് പോവുക.

    Devices
    Devices
  3. നിങ്ങളുടെ ഫോൺ തിരഞ്ഞെടുക്കുക.

    Select Device
    Select Device
  4. ശേഷം Find device-ൽ കയറി On ആക്കാവുന്നതാണ്.

    Find Device
    Find Device

സഞ്ചാർ സാഥി

ഫോൺ നഷ്ടപ്പെട്ടവർക്കായി ഇന്ത്യൻ സർക്കാർ കൊണ്ടുവന്ന ഒരു പോർട്ടലാണ് സഞ്ചാർ സാഥി.

  1. ഫോൺ നഷ്ടപ്പെട്ട വ്യക്തി ആദ്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകണം.
  2. ശേഷം, പരാതിയുടെ പകർപ്പും, ഫോൺ നമ്പർ, IMEI, ഫോൺ വാങ്ങിയ ബിൽ, നഷ്ടപ്പെട്ട സ്ഥലവും തീയതിയും തുടങ്ങിയ വിവരങ്ങളെല്ലാം ചേർത്ത് Block Stolen/Lost Mobile എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പരാതി സമർപ്പിക്കുക.
  3. തുടർന്ന് ഒരു കമ്പ്ലെയിന്റ് ഐഡി ലഭിക്കും. അതുപയോഗിച്ച് നിജസ്ഥിതി വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും.
  4. ഫോൺ തിരികെ ലഭിച്ച് കഴിഞ്ഞാൽ അൺബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരും വിവരങ്ങളും ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡുകൾ എടുത്തിട്ടുണ്ടോ എന്നറിയാനും സൈറ്റിൽ സംവിധാനമുണ്ട്.
5 1 vote
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

0
Would love your thoughts, please comment.x
()
x