nothing-phone-1-buying-guide-malayalam

നത്തിങ് 1 സ്മാർട്ട്ഫോൺ: വാങ്ങാൻ പോകുന്നവർക്ക്

2014-ൽ സാംസങ് (Samsung), ആപ്പിൾ (Apple), സോണി (Sony), എൽജി (LG) തുടങ്ങിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾ വാഴുന്ന മാർക്കറ്റിലേക്ക് ഒരു പുതിയ ബ്രാൻഡിന്റെ പേര് ഉയർന്നുവന്നു – വൺപ്ലസ്! ഗൂഗിൾ നെക്സസിൽ (Google Nexus) നിന്നും മാർക്കറ്റ് പിടിച്ചടുക്കുക എന്ന ലക്ഷ്യത്തോടെ, പീറ്റ് ലോവും (Pete Lau) കാൾ പെയ്യും (Carl Pei) തുടങ്ങിവെച്ച, വൺപ്ലസ് (OnePlus) എന്ന ചൈനീസ് കമ്പനി തങ്ങളുടെ ആദ്യ ഫോണായ വൺപ്ലസ് വൺ അവതരിപ്പിച്ചത് ആ വർഷം ഏപ്രിൽ 23-നായിരുന്നു. ഫോണിന്റെ വിപണനരീതി പോലും ഒട്ടേറെ പുതുമകളും വിവാദങ്ങളുംകൊണ്ട് വാർത്തകളിൽ നിറഞ്ഞു. പിന്നീടങ്ങോട്ട്, അവരുടെ ഓരോ പുതിയ ഫോണും ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ വാങ്ങാനായി ആളുകൾ അവരുടെ സ്റ്റോറിന്റെ മുമ്പിൽ ക്യൂ നിന്നു, ഇൻവിറ്റേഷനു വേണ്ടി നെട്ടോട്ടമോടി! വൺപ്ലസ് എന്ന ബ്രാൻഡിനോട് സ്മാർട്ട്ഫോൺ പ്രേമികളുടെ ഈ ഭ്രമത്തിന് പിന്നിൽ അവരുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ ലഭിച്ചിരുന്ന വ്യത്യസ്ത അനുഭവമായിരുന്നു. “ഫ്ലാഗ്ഷിപ്പ് കില്ലർ”, “നെവർ സെറ്റിൽ” എന്നിങ്ങനെയുള്ള പരസ്യവാചകങ്ങൾ വെറുംവാക്കായിരുന്നില്ല. വൺപ്ലസിന്റെ ഫോണുകൾ ഗുണമേന്മയിലും, ഓഎസിലും മുന്നിട്ടു നിന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ഇതെല്ലാം കീഴ്മേൽ മറിഞ്ഞു. വൺപ്ലസ് വർഷങ്ങളായി നിലനിർത്തിയ പേര് അവർ തന്നെ കളഞ്ഞുകുളിച്ചു. വൺപ്ലസിനെ മുൻനിരയിലെത്തിക്കാൻ പരിശ്രമിച്ച കാൾ പെയ് ഒടുവിൽ കമ്പനി വിട്ടു.

എന്തുകൊണ്ടാണ് നത്തിങ് എന്ന ബ്രാൻഡിന് ഇത്രയധികം കാത്തിരിപ്പ്?

വൺപ്ലസ് വിട്ട “കാൾ പെയ്” സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നത്തിങ്. അതിനാൽ തന്നെ അവർ ആദ്യമായി ഇറക്കുന്ന ഫോണിനായി ആളുകൾ കാത്തിരിക്കുക സ്വഭാവികം! കൂടാതെ, അവരുടെ മാർക്കറ്റിങും അത്തരത്തിലായിരുന്നു. ഐഫോണിനൊരു എതിരാളിയായിരിക്കും തങ്ങളുടെ ഫോണെന്ന രീതിയിലാണ് കാൾ പെയ് ഫോൺ ലോഞ്ചിങിനു മുൻപ് തന്നെ പറഞ്ഞത്. ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർക്കിടയിൽ ഇതുണ്ടാക്കിയ ആകാംക്ഷ ചെറുതല്ലെന്ന് പറയേണ്ടതില്ലല്ലോ. കൂടാതെ, ഇപ്പോഴുള്ള സ്മാർട്ട്ഫോണുകളെല്ലാം ബോറിങാണെന്നും അതിനൊരു മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും പെയ് പറഞ്ഞു. തങ്ങളുടെ കമ്പനിയിൽ ആർക്കും നിക്ഷേപിക്കാനുള്ള അവസരം ഒരുക്കുകയും വെറും 1 മിനിറ്റിനുള്ളിൽ ക്രൗഡ്ക്യൂബ് (Crowdcube) വഴി 15 ലക്ഷം ഡോളർ സമാഹരിക്കുകയും ചെയ്തു! ഇതെല്ലാം ആളുകൾക്ക് തങ്ങളുടെ കമ്പനിയിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്ന രീതിയിൽ നത്തിങ് മാർക്കറ്റ് ചെയ്തു.

എന്തൊക്കെ ബഹളമായിരുന്നു!

നത്തിങ് 1 എന്ന സ്മാർട്ട്ഫോൺ വിപണിയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഒരുപാട് പ്രതീക്ഷകളും കിംവദന്തികളും പലരും പറഞ്ഞു പരത്തിയിരുന്നു.

ഫോൺ മുഴുവൻ ട്രാൻസ്പെരന്റ് ആണ്, പുറത്ത് നിന്ന് നോക്കിയാൽ അകത്തുള്ളത് എല്ലാം കാണാം. ഏതോ കൺസെപ്റ്റ് ഫോട്ടോയും ഒപ്പം കറങ്ങിയിരുന്നു.

അണ്ടർ ഡിസ്പ്ലേ ക്യാമറ ഇതിൽ ഉണ്ടാവും എന്ന് ഏതോ കൊറേ മണ്ടന്മാർ വിശ്വസിച്ചു (ഞങ്ങളും).

iPhone 12 നെ വെല്ലുന്ന ക്യാമറയായിട്ടാണ് വരുന്നതെന്ന് പറഞ്ഞു പരത്തി (ഉപയോഗിച്ച യൂട്യൂബർസ്‌ പറയുന്നത് പേര് പോലെ തന്നെയാണ് എന്ന്).

നത്തിങ് 1-ലെ പ്രശ്നങ്ങൾ

നത്തിങ് 1 സ്മാർട്ട്ഫോൺ ഇത് എഴുതിക്കൊണ്ടിരിക്കുന്ന സമയം വരെ ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. അതിനാൽ ഈ നത്തിങ് 1 സ്മാർട്ട്ഫോണിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് എന്ന് നേരിട്ടറിവില്ല. പക്ഷെ പല കമ്മ്യൂണിറ്റികളിൽ വന്ന ചില പ്രശ്ങ്ങൾ ഞങ്ങൾ താഴെ കൊടുക്കുന്നു. ഇതിൽ എത്ര മാത്രം സത്യമുണ്ട് എന്ന് ഉപയോഗിച്ചാൽ മാത്രമേ പറയാൻ പറ്റു. വായിച്ച് നോക്കി നിങ്ങളുടെ യുക്തിക്കനുസരിച്ച് മനസിലാക്കുക.

ഇതുവരെ കണ്ടെത്തിയിട്ടുള്ള നത്തിങ് 1 എന്ന സ്മാർട്ട്ഫോണിന്റെ പ്രശ്നങ്ങൾ.

  • ഗ്രീൻ ടിന്റിങ് (green tinting)

  • ഗ്ലാസിനുള്ളിൽ പൊടി കയറുന്നു

  • ഗ്ലാസിനുള്ളിൽ ഈർപ്പമടിയുന്നു

  • ഫ്രണ്ട് ക്യാമറയുടെ ഭാഗത്ത് ഡെഡ് പിക്സൽസ്

  • ക്രമരഹിതമായ ഭാഗങ്ങൾ

  • LED സ്ട്രിപ്പ് ഇളകിവരുന്നു

ഈ വിലയ്ക്ക് മുതലാകുമോ നത്തിങ് 1?

31,999 രൂപ മുതലാണ് നത്തിങ് 1 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. മാർക്കറ്റിലെ മറ്റ് ഭീമന്മാരുമായി കടപിടിക്കുവാനാണ് നത്തിങ് ഇങ്ങനെയൊരു പ്രൈസിംഗ് നിശ്ചയിച്ചത്. ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ആദ്യത്തെ ഫോൺ ഒരു ബ്രാൻഡ് ഇറക്കുമ്പോൾ ബ്രാൻഡ് വാല്യൂ, മാർക്കറ്റ് വാല്യൂ എന്നിവ ഒരു പരിധിക്ക് മുകളിൽ നിർത്തുവാൻ തന്നെയാവണം ഈ വില Nothing 1 എന്ന കമ്പനി നിശ്ചയിച്ചത്. ഒരു മികച്ച ക്‌ളാസ്സി ഡിസൈൻ തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യകത, പലരും ഈ ഒരു വില സ്മാർട്ട്ഫോൺ വരുന്നതിനു മുമ്പ് തന്നെ പ്രതീക്ഷിച്ചിരുന്നു.

നത്തിങ് 1 വാങ്ങണോ അതോ നത്തിങ് 2ന് വേണ്ടി കാത്തിരിക്കണോ?

നത്തിങ് 1 എന്ന സ്മാർട്ട്ഫോൺ മോഡൽ വളരെ വലിയ ഒരു ഹൈപ്പിൽ തന്നെയാണ് വന്നത്. തീർച്ചയായും പലർക്കും വാങ്ങാൻ ആഗ്രഹം കാണും ഒരുപാട് പേർ ബുക്കും ചെയ്ത് കഴിഞ്ഞു. എന്നാൽ കുറച്ച് പ്രശ്നങ്ങൾ പല ഭാഗത്തുനിന്നും കേട്ട സ്ഥിതിക്ക് ഇത് ഇപ്പൊ വാങ്ങണോ എന്ന് ചിന്തിക്കുന്നവരാണ് പലരും, ഓടിച്ചെന്ന് വാങ്ങിയാൽ പണി കിട്ടുമോ എന്നും സംശയമുണ്ട് പലർക്കും. ഇതിനെ പറ്റി ഒരു അഭിപ്രായം പറയുവാൻ ഞങ്ങൾ ഇത് ഉപയോഗിച്ച് നോക്കിട്ടില്ല. വാങ്ങാൻ കാത്തിരുന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചവർ വാങ്ങുന്നതിനോട് എതിർപ്പില്ല (കാണാൻ സുന്ദരൻ, സുമുഖൻ). എന്നാലും കുറച്ച് നാൾ പലരും ഉപയോഗിച്ച് കഴിയുമ്പോൾ മാത്രമാണ് ഇതിന്റെ പ്രശ്നങ്ങൾ വ്യക്തമായി അറിയാൻ സാധിക്കു. അപ്പോൾ ഇത് വാങ്ങണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാൻ സാധിക്കും. കുറച്ച് നാളുകൾക്ക് ശേഷം നത്തിങ് 2 ഇറങ്ങാൻ സാധ്യതയുണ്ട്, കുറച്ച് മാസം വീണ്ടും കാത്തിരുന്നാൽ ഇപ്പോൾ ഇറങ്ങിയ സ്മാർട്ട്ഫോണിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ രൂപത്തിൽ എത്തുവാൻ സാധ്യതയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ