OTT Movies list on TV

സിനിമകൾ സൗജന്യമായി കാണാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ

സിനിമകൾ കാണാൻ പലരും പല മാർഗ്ഗങ്ങളായിരിക്കും ആശ്രയിക്കുക. പണം കൊടുത്ത് അല്ലെങ്കിൽ സബ്സ്‌ക്രിപ്ഷൻ എടുത്ത് നിയമപരമായി കാണുന്നവരും ടൊറന്റ്, ടെലിഗ്രാം ചാനലുകൾ തുടങ്ങിയവ വഴി നിയമവിരുദ്ധമായി കാണുന്നവരുമുണ്ടാകും. ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതു മൂലം ഇവയെല്ലാം പണം കൊടുത്തു സബ്സ്‌ക്രൈബ് ചെയ്യുക പലർക്കും അസാധ്യമായിരിക്കും. അതിനാൽ, നിയമപരമായും സൗജന്യമായും സിനിമകൾ കാണാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടി വരുന്നു. അത്തരം കുറച്ച് പ്ലാറ്റ്‌ഫോമുകളെ അല്ലെങ്കിൽ ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഈ പ്ലാറ്റ്‌ഫോമുകളിൽ ഭൂരിഭാഗവും സ്ട്രീമിങിനിടയിൽ പരസ്യം കാണിക്കുന്നത് (AVOD) വഴിയാണ് വരുമാനമുണ്ടാക്കുന്നത്. ഇതിൽ ചിലതെല്ലാം നിങ്ങൾക്ക് ഇതിനകം തന്നെ അറിയുന്നവയായിരിക്കും.

ഇന്ത്യൻ പ്ലാറ്റ്‌ഫോമുകൾ

എംഎക്സ് പ്ലെയർ (MX Player)

MX Player
എംഎക്സ് പ്ലെയർ

2011-ൽ ഒരു വീഡിയോ പ്ലെയറായിട്ടാണ് തുടക്കം. ആൻഡ്രോയ്ഡിൽ ആളുകൾ ഏറ്റുമധികം ഉപയോഗിച്ചിരുന്ന വീഡിയോ പ്ലെയറുകളിൽ ഒന്നാണത്. 2018-ൽ ടൈംസ് ഇന്റർനെറ്റ് ഏറ്റെടുക്കുകയും പിന്നീട് 2019-ൽ ഒരു ഒടിടി പ്ലാറ്റ്‌ഫോമായി റീലോഞ്ചും ചെയ്തു. സിനിമകളും സീരീസുകളും കൂടാതെ ലൈവ് ടിവിയും സ്ട്രീം ചെയ്യാനാകും. അക്കൗണ്ട് നിർബന്ധമില്ല. പരസ്യങ്ങൾ ഒഴിവാക്കാനായി പെയ്ഡ് പ്ലാനുമുണ്ട്.

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://www.mxplayer.in/faq

ജിയോസിനിമ (JioCinema)

JioCinema
ജിയോസിനിമ

2016-ൽ ജിയോ നെറ്റ്‌വർക്കിനോടൊപ്പം ലോഞ്ചായ ജിയോയുടെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമാണ് ജിയോസിനിമ. ആദ്യം ആപ്പ് വഴി മാത്രമായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് വെബ് വെർഷനും നിലവിൽ വന്നതോടെ ബ്രൗസർ വഴിയും കാണാൻ സാധിക്കുമെന്നായി. സൺനെക്സ്റ്റ് (Sun NXT), ഹോയ്ചോയ് (hoichoi) എന്നിവയിൽ നിന്നും ലൈസൻസ് ചെയ്യുന്നത് കൂടാതെ ജിയോ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമകളും സീരീസുകളും ജിയോസിനിമയിൽ ലഭ്യമാണ്. ജിയോ സിം ഉപയോക്താക്കൾക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ. ഒരു ആക്ടീവ് പ്ലാൻ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.

പിന്തുണയ്ക്കുന്ന ഡിവൈസുകൾhttps://bit.ly/JioCinemaDevices

ഹോട്ട്സ്റ്റാർ (Hotstar)

Hotstar
ഹോട്ട്സ്റ്റാർ

ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഹോട്ട്സ്റ്റാർ. 2019-ൽ ഡിസ്നി ഏറ്റെടുത്തതിന് ശേഷം ഡിസ്നി + ഹോട്ട്സ്റ്റാർ (Disney + Hotstar) എന്ന് പുനഃനാമകരണം ചെയ്തു. ലൈവ് ടിവിയും, പുതിയ ഇന്ത്യൻ സിനിമകളും, അന്തർദേശീയ സിനിമകളും സീരീസുകളും കാണണമെങ്കിൽ സബ്സ്‌ക്രിപ്ഷൻ നിർബന്ധമാണ്. എന്നിരുന്നാലും അവർക്ക് സൗജന്യ സിനിമകളുടെ വലിയ ശേഖരവുമുണ്ട്. കൂടുതലും കുറച്ച് പഴയ സിനിമകളാണ് ഇതിലുള്ളത്. അത് കാണാൻ അക്കൗണ്ട് പോലും നിർമ്മിക്കേണ്ടതില്ല!

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://bit.ly/HotstarDevices

വൂട്ട് (Voot)

Voot
വൂട്ട്

വയകോം 18 (Viacom 18) എന്ന നിർമ്മാണകമ്പനിയുടെ കീഴിൽ 2016-ൽ ലോഞ്ച് ചെയ്ത ഒടിടിയാണ് വൂട്ട്. നൂറുകണക്കിന് സിനിമകളും സീരീസുകളും ഇതിൽ സൗജന്യമായി കാണാൻ സാധിക്കും. കൂടാതെ #FreePass എന്ന ഒരു വിഭാഗത്തിലൂടെ തിരഞ്ഞെടുത്ത ചില സിനിമകളും സീരീസുകളും കുറഞ്ഞ ഒരു കാലയളവിൽ സൗജന്യമായി കാണാനും സൗകര്യമുണ്ട്. അക്കൗണ്ട് നിർബന്ധമാണ്.

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://www.voot.com/faq

സീ5 (Zee5)

Zee5
സീ5

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്റെ കീഴിലുണ്ടായിരുന്ന ഓസീ (Ozee), ഡിറ്റോടിവി (DittoTV) എന്നീ രണ്ട് ഒടിടി സേവനങ്ങളെ കൂട്ടിച്ചേർത്താണ് സീ5 എന്ന പേരിൽ 2018-ൽ ലോഞ്ച് ചെയ്യുന്നത്. തിരഞ്ഞെടുത്ത ചില സിനിമകളും ലൈവ് ടിവിയും സൗജന്യമായി കാണാനാകും. അക്കൗണ്ട് നിർബന്ധമില്ല.

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://bit.ly/ZEE5Devices

ഇറോസ് നൗ (Eros Now)

Eros Now
ഇറോസ് നൗ

2012-ൽ ലോഞ്ച് ചെയ്ത ഒരു ഒടിടി പ്ലാറ്റ്‌ഫോമാണ് ഇറോസ് നൗ. പെയ്ഡ് പ്ലാനിനുപുറമേ Mzaalo Freemium എന്നൊരു സൗജന്യ പ്ലാനുമുണ്ട്. തിരഞ്ഞെടുത്ത ചില സിനിമകളും സീരീസുകളും അതുവഴി സൗജന്യമായി കാണാൻ സാധിക്കുന്നു. പരസ്യങ്ങളുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://erosnow.com/devices

ഹോയ്ചോയ് (hoichoi)

hoichoi
ഹോയ്ചോയ്

ബംഗാളിഭാഷയിലുള്ള സിനിമകൾക്കും സീരീസുകൾക്കും ഹൃസ്വചിത്രങ്ങൾക്കും മാത്രമായിട്ടുള്ള ഒടിടിയാണ് ഹോയ്ചോയ്. 2017-ൽ ആരംഭിച്ച ഇവർ സ്വന്തം നിർമ്മാണം കൂടാതെ അന്യഭാഷകളിൽ നിന്നുള്ള സിനിമകളും മൊഴിമാറ്റം നടത്തി ലഭ്യമാക്കുന്നു. തിരഞ്ഞെടുത്ത സിനിമകളും, സീരീസുകളും സൗജന്യമായി കാണാൻ സാധിക്കും. അക്കൗണ്ട് നിർബന്ധമില്ല.

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://www.hoichoi.tv/faq

മസാലോ (Mzaalo)

Mzaalo
മസാലോ

ഒരു ബ്ലോക്ചെയിൻ (blockchain) അധിഷ്ഠിത എന്റർടെയിന്മെന്റ് പ്ലാറ്റ്‌ഫോമാണ് 2020-ൽ ലോഞ്ച് ചെയ്ത മസാലോ. വിവിധ ഒടിടികളുമായി സഹകരിച്ച് അവരിൽ നിന്നും ലൈസൻസ് ചെയ്യുന്ന സിനിമകളും സീരീസുകളുമാണ് ഇതിലുള്ളത്. ഇറോസ് നൗവിലെ പ്രീമിയം കണ്ടന്റുകൾ ഇതിൽ സൗജന്യമായി കാണാം. പെയ്ഡ് പ്ലാനുകളൊന്നും നിലവിലില്ല. മറ്റുള്ളവയിൽ നിന്ന് ഈ പ്ലാറ്റ്‌ഫോമിനെ വ്യത്യസ്തമാക്കുന്നത് ഇവരുടെ റിവാർഡ്സ് കോയിനുകളാണ്. അക്കൗണ്ട് ഉണ്ടാക്കുന്നത് മുതൽ സിനിമ കാണുമ്പോഴും, ആപ്പിൽ കയറുമ്പോഴും, മറ്റുള്ളവരെ റഫർ ചെയ്യുമ്പോഴും എന്നിങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം ഉപയോക്താക്കൾക്ക് റിവാർഡ്സ് ലഭിക്കുന്നു. ഈ കോയിനുകൾ യഥേഷ്ടം ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ വഴി ഡിസ്കൗണ്ടായി മാറ്റാം.

ഞങ്ങളുടെ റഫറൽ കോഡ് ഉപയോഗിക്കാൻ താത്പര്യമുള്ളവർക്ക്: l27hbtQF

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: ആൻഡ്രോയ്ഡ്, ഐഓഎസ്

ക്ലിക്ക് (Klikk)

Klikk
ക്ലിക്ക്

ഹോയ്ചോയ് പോലെ ബംഗാളി സിനിമകൾ, ഹൃസ്വചിത്രങ്ങൾ, സീരീസുകൾ എന്നിവയ്ക്കായി 2020-ൽ പ്രവർത്തനാരംഭിച്ച ഒരു ഒടിടിയാണ് ക്ലിക്ക്. ഏതാനം സിനിമകളും ഹൃസ്വചിത്രങ്ങളും കുട്ടികൾക്കുള്ള അനിമേഷനും സൗജന്യമായി കാണാവുന്നതാണ്. അക്കൗണ്ട് നിർബന്ധമാണ്.

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://klikk.tv/faq.html

അന്തർദേശീയ പ്ലാറ്റ്‌ഫോമുകൾ

പോസ് (Paus)

Paus
പോസ്

2020-ൽ മാത്രം ലോഞ്ച് ചെയ്ത ഒരു പുതിയ സ്ട്രീമിംഗ് സ്റ്റാർട്ടപ്പാണ് പോസ്. ഇന്ത്യൻ വംശജനായ റിഷി കപൂറാണ് ഇതിന്റെ സ്ഥാപകൻ. പൂർണ്ണമായും ഒരു സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമാണിത്. പരസ്യങ്ങൾ പോലുമില്ല! സ്വതന്ത്രസിനിമകളും, ഹൃസ്വചിത്രങ്ങളും, സീരീസും, അഭിമുഖങ്ങളുമാണ് ഇതിലുള്ളത്. സിനിമ ഇഷ്ടപ്പെട്ടാൽ താത്പര്യമുണ്ടെങ്കിൽ നിർമ്മാതാവിന് വിവിധ കറൻസികളിൽ ടിപ് ചെയ്യാനുള്ള അവസരം പ്രേക്ഷകനുണ്ട്. ഇതിൽ ഇന്നും 20% പോസ് എടുക്കുന്നു. അതാണ് റവന്യു മോഡൽ. കൂടാതെ സിനിമയുമായി ബന്ധപ്പെട്ട എൻ.എഫ്.ടി. (NFT) വിൽക്കാനും വാങ്ങാനുമുള്ള സൗകര്യമൊരുക്കാനും അവർ പദ്ധതിയിടുന്നു. സിനിമകൾ കാണാൻ അക്കൗണ്ട് നിർബന്ധമാണ്.

ലഭ്യത: വി.പി.എൻ. ഇല്ലാതെ ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: ആൻഡ്രോയ്ഡ്, ഐഓഎസ്

റ്റുബി (Tubi)

Tubi
റ്റുബി

2014-ൽ ഫോക്സ് കോർപറേഷന്റെ കീഴിൽ അമേരിക്കയിൽ ആരംഭിച്ച സൗജന്യ ഒടിടി സേവനമാണ് റ്റുബി (Tubi). സിനിമ, സീരീസ്, ഡോക്യുമെന്ററി, സ്റ്റാൻഡ് അപ്പ് കോമഡി, റിയാലിറ്റി ഷോ, കുട്ടികൾക്കുള്ള പരിപാടികൾ തുടങ്ങിയവ റ്റുബി സ്ട്രീം ചെയ്യുന്നു. വിവിധ മീഡിയ കമ്പനികളിൽ നിന്നും സ്ട്രീം ചെയ്യാനുള്ള സിനിമകളും സീരീസുകളും ലൈസൻസ് ചെയ്യുന്നത് കൂടാതെ സ്വന്തമായും റ്റുബി നിർമ്മിക്കുന്നുണ്ട്. 2022 ഫെബ്രുവരിയിലെ കണക്കുപ്രകാരം ഏതാണ്ട് 35,000 സിനിമകളും സീരീസുകളും റ്റുബിയിൽ ലഭ്യമാണ്.

ലഭ്യത: നിലവിൽ വി.പി.എൻ. ഇല്ലാതെ തന്നെ ഇന്ത്യയിൽ ലഭിക്കുന്നുണ്ട്

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://tubitv.com/static/devices

ഐ.എം.ഡി.ബി. ടിവി (IMDb TV)

IMDb TV
ഐ.എം.ഡി.ബി. ടിവി പ്രൈം വീഡിയോ വെബ്സൈറ്റിൽ

ഐ.എം.ഡി.ബി. ഫ്രീഡൈവ് (IMDb Freedive) എന്ന പേരിൽ 2019-ൽ ആമസോണിന്റെ കീഴിൽ ആരംഭിച്ചതാണ് ഈ സ്ട്രീമിങ് സൈറ്റ്. ആദ്യം ഐ.എം.ഡി.ബി. വെബ്സൈറ്റ് വഴിയും സ്ട്രീം ചെയ്യാൻ സാധിച്ചിരുന്നെങ്കിലും നിലവിൽ ആമസോൺ പ്രൈം വീഡിയോയിലേക്ക് (Prime Video) കൂട്ടിച്ചേർത്തു. പ്രൈം മെമ്പർഷിപ്പ് നിർബന്ധമില്ല.

ലഭ്യത: വി.പി.എൻ. വഴി ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://amzn.to/3vxgo1r

വുഡു മൂവീസ് ഓൺ അസ് (Vudu Movies On Us)

Vudu
വുഡു

2016-ൽ അമേരിക്കൻ റീടെയിൽ ചെയിനായ വാൾമാർട്ടിന്റെ കീഴിയിൽ ആരംഭിച്ചതാണ് വുഡു മൂവീസ് ഓൺ അസ് (Vudu Movies on Us). വാൾമാർട്ട് പിന്നീട് ഇത് ഫാൻഡാംഗോ മീഡിയ എന്ന കമ്പനിക്ക് വിറ്റു. പരസ്യങ്ങളോടൊപ്പം സിനിമ കാണുവാനുള്ള സൗകര്യമാണ് ഇവിടെയും ലഭിക്കുന്നത്.

ലഭ്യത: വി.പി.എൻ. വഴി ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://bit.ly/VuduDevices

പോപ്കോൺഫ്ലിക്സ് (Popcornflix)

Popcornflix
പോപ്കോൺഫ്ലിക്സ്

2010-ൽ ആരംഭിച്ച പോപ്കോൺഫ്ലിക്സിൽ കൂടുതലും സ്വതന്ത്രസിനിമകളാണുള്ളത്. സ്വന്തമായി നിർമ്മിച്ച വെബ് സീരീസുകളും അവർ സ്ട്രീം ചെയ്യുന്നു. ചിക്കൻ സൂപ്പ് ഫോർ ദി സോൾ എന്ന മീഡിയ കമ്പനിയുടെ കീഴിലാണ് നിലവിൽ പോപ്കോൺഫ്ലിക്സ് പ്രവർത്തിക്കുന്നത്.

ലഭ്യത: വി.പി.എൻ. വഴി ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: ആൻഡ്രോയ്ഡ്, ഐഓഎസ്, റോക്കു, ആമസോൺ ഫയർ ടിവി, വിൻഡോസ്

ക്രഞ്ചിറോൾ (Crunchyroll)

Crunchyroll
ക്രഞ്ചിറോൾ

അനിമെ (Anime) ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പ്ലാറ്റ്‌ഫോമാണ് ക്രഞ്ചിറോൾ. 2006-ൽ ആരംഭിച്ച ഈ കമ്പനി അനിമെ കൂടാതെ ജാപ്പനീസ് ടിവി ഡ്രാമകളും മാങ്ക കോമിക്സുകളും ലഭ്യാമാക്കുന്നു. തിരഞ്ഞെടുത്ത അനിമെകൾ സൗജന്യമായി കുറഞ്ഞ ക്വാളിറ്റിയിൽ കാണാവുന്നതാണ്. അക്കൗണ്ട് നിർബന്ധമില്ല.

ലഭ്യത: വി.പി.എൻ. ഇല്ലാതെ ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://www.crunchyroll.com/en-gb/devices

ദ ഫിലിം ഡിറ്റക്ടീവ് (The Film Detective)

The Film Detective
ദ ഫിലിം ഡിറ്റക്ടീവ്

ക്ലാസിക് സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ഒരു ഒടിടി പ്ലാറ്റ്‌ഫോമാണ് ദ ഫിലിം ഡിറ്റക്ടീവ്. 2013-ൽ ആരംഭിച്ച ഈ കമ്പനി ക്ലാസിക് സിനിമകൾ റീസ്റ്റോർ ചെയ്ത് ബ്ലൂറേ, ഡിവിഡി വഴിയും പുറത്തിറക്കുന്നുണ്ട്. പെയ്ഡ് പ്ലാൻ കൂടാതെ തിരഞ്ഞെടുത്ത ചില സിനിമകൾ സൗജന്യമായി കാണാൻ സൗകര്യമുണ്ട്. അക്കൗണ്ട് നിർബന്ധമില്ല.

ലഭ്യത: വി.പി.എൻ. ഇല്ലാതെ ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://thefilmdetective.tv/ways-to-watch/

വിക്കി (Viki)

Viki
വിക്കി

ഏഷ്യൻ ഡ്രാമ സീരീസും സിനിമകളും ഇഷ്ടപ്പെടുന്നവർക്കായി 2007-ൽ തുടങ്ങിയ ഒടിടിയാണ് വിക്കി. ജാപ്പനീസ് കമ്പനിയായ റാകുടെൻ ഏറ്റെടുത്തതോടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ കുതിച്ചുകയറ്റമുണ്ടായി. തിരഞ്ഞെടുത്ത ചില സിനിമകളും സീരീസും പരസ്യങ്ങളോടു കൂടി കുറഞ്ഞ ക്വാളിറ്റിയിൽ സൗജന്യമായി കാണാം. വിക്കിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വോളണ്ടിയർ കമ്മ്യൂണിറ്റിയാണ്. അക്കൗണ്ട് ഉണ്ടാക്കി കമ്മ്യൂണിറ്റിയിൽ അംഗമാകുന്നവർക്ക് വിക്കിയിലെ സീരീസുകൾക്കും സിനിമകൾക്കും ഇഷ്ടമുള്ള ഭാഷയിൽ വിക്കിയുടെ തന്നെ സബ്ടൈറ്റിലിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് ഉപശീർഷകങ്ങൾ അഥവാ സബ്ടൈറ്റിൽ (subtitle) ഉണ്ടാക്കാം. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഏറ്റവും കൂടുതൽ ഉപശീർഷകങ്ങൾ സംഭാവന ചെയ്യുന്ന 50 പേർക്ക് സമ്മാനങ്ങൾ നൽകുന്നു. അതുകൊണ്ട് തന്നെ ഏതാണ്ട് 200 ഭാഷകളിൽ വിക്കിയിൽ സബ്ടൈറ്റിൽ ലഭ്യമാണ്.

ലഭ്യത: ഔദ്യോഗികമായി ഇന്ത്യയിൽ ലഭ്യമാണ്.

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://bit.ly/VikiSupportedDevices

പീകോക്ക് (Peacock)

Peacock
പീകോക്ക്

2020-ൽ ലോഞ്ച് ചെയ്ത ഒരു അമേരിക്കൻ ഒടിടി പ്ലാറ്റ്‌ഫോമാണ് പീകോക്ക്. എൻബിസിയൂണിവേഴ്സൽ കമ്പനിയുടെ കീഴിലുള്ള ഈ പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങളോടുകൂടിയ ഫ്രീ, പ്രീമിയം പ്ലാനുകളും പരസ്യങ്ങളില്ലാത്ത പ്രീമിയം പ്ലസ് പ്ലാനുമുണ്ട്. തിരഞ്ഞെടുത്ത കുറേ സിനിമകളും സീരീസുകളും സൗജന്യമായി ഫ്രീ പ്ലാനിൽ കാണാം. അക്കൗണ്ട് നിർബന്ധമാണ്.

ലഭ്യത: വി.പി.എൻ. വഴി ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://bit.ly/peacockDevices

പ്ലൂട്ടോ ടിവി (Pluto TV)

Pluto TV
പ്ലൂട്ടോ ടിവി

2013-ൽ ആരംഭിച്ച പ്ലൂട്ടോ ടിവി അടിസ്ഥാനപരമായി ഒരു ഇന്റർനെറ്റ് ടെലിവിഷൻ സേവനമാണ്. നിലവിൽ പാരമൗണ്ട് (Paramount) കമ്പനിയുടെ കീഴിലുള്ള ഇതിൽ വീഡിയോ ഓൺ ഡിമാൻഡ് സേവനവും ലഭിക്കുന്നു. സിനിമകളും ടിവി സീരീസും മറ്റു പരിപാടികളും സൗജന്യമായി കാണാവുന്നതാണ്.

ലഭ്യത: വി.പി.എൻ. വഴി ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://bit.ly/PlutoTVDevices

സ്ലിങ് ടിവി (Sling TV)

Sling TV
സ്ലിങ് ടിവി

പ്ലൂട്ടോ പോലെ ഇന്റനെറ്റ് ടെലിവിഷനോടൊപ്പം വീഡിയോ ഓൺ ഡിമാൻഡ് സേവനം നൽകുന്ന മറ്റൊരു അമേരിക്കൻ കമ്പനിയാണ് സ്ലിങ് ടിവി. 2015-ൽ ആരംഭിച്ച ഇതിൽ പെയ്ഡ് പ്ലാനുകൾക്കൊപ്പം ഫ്രീമിയം പ്ലാനുമുണ്ട്. അതുവഴി സൗജന്യമായി സിനിമകളും സീരീസും കാണാനാകും. അക്കൗണ്ട് നിർബന്ധമാണ്.

ലഭ്യത: വി.പി.എൻ. വഴി ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://www.sling.com/supported-devices

ഐചിയി (iQIYI)

iQIYI
ഐചിയി

ചൈനയിലെ ഏറ്റവും വലിയ സേർച്ച് എഞ്ചിനായ ബൈദു (Baidu) 2010-ൽ ആരംഭിച്ച വീഡിയോ സ്ട്രീമിങ് സേവനമാണ് ഐചിയി. നിലവിൽ ലോകത്തിലെ ഏറ്റവും ഉപയോക്താക്കളുള്ള ഒരു വീഡിയോ സൈറ്റാണിത്. തിരഞ്ഞെടുത്ത ചൈനീസ് സിനിമകളും സീരീസും അനിമെയും സൗജന്യമായി കാണാം. പെയ്ഡ് (വിഐപി) പ്ലാനുകളുമുണ്ട്.

ലഭ്യത: വി.പി.എൻ. ഇല്ലാതെ ഇന്ത്യയിൽ ലഭിക്കും

പിന്തുണയ്ക്കുന്ന ഡിവൈസുകൾ: https://www.iq.com/download

ഈ പട്ടികയിൽ ഇനിയും ഒരുപാട് ചേർക്കാനുണ്ട്. അത് ചേർത്ത് ഇടയ്ക്കിടെ പുതുക്കുന്നതാണ്. ഈ പേജ് മറക്കാതെ ബുക്ക്മാർക്ക് ചെയ്തിടുക.

0 0 votes
Article Rating
Subscribe
Notify of
guest
5 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
aju
aju

Very Good Information, This Free Movie Website very useful to me… Also legal.

Sarath Mohan
Sarath Mohan

Peacock ടീവിയിൽ വളരെ നല്ല കണ്ടന്റുകൾ കിട്ടും… വി പി എൻ ഒരു പ്രശനം തന്നെയാണ്

ഉള്ളടക്കം

ടാഗുകൾ

Digital Malayali