സീരീസുകൾ
Mr Robot
2015 ‧ Techno-thriller/Drama ‧ 4 Seasons
⭐⭐⭐⭐⭐
ന്യൂയോർക്ക് സിറ്റിയിൽ ജീവിക്കുന്ന എലിയറ്റ് ആൾഡേഴ്സൺ എന്ന സൈബർ സെക്യൂരിറ്റി എഞ്ചിനീയറും ഹാക്കറുമായ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സീരീസിന്റെ കഥ പുരോഗമിക്കുന്നത്. മിസ്റ്റർ റോബോട്ടിൽ പരാമർശിക്കുന്ന വിഷയങ്ങൾ ഏതാനും വാക്യങ്ങളിൽ ചുരുക്കുക സാധ്യമല്ലെന്ന് പറയേണ്ടി വരും. കാരണം, അത്രമാത്രം ബഹൃത്തായി മികച്ച രീതിയിൽ ഗവേഷണം നടത്തിയുമാണ് സീരീസിന്റെ സൃഷ്ടാവ് സാം ഇസ്മായിൽ തിരക്കഥ രചിച്ചിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ സിനിമകളിലും സീരീസുകളിലും വെച്ച് ഹാക്കിങ് വിശ്വസനീയവും യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നതുമായ തരത്തിൽ അവതരിപ്പിച്ചിട്ടുള്ളത് മിസ്റ്റർ റോബോട്ടാണെന്ന് സൈബർ സെക്യൂരിറ്റി രംഗത്തെ പ്രഗത്ഭരിൽ പലരും ഇതിനെ വാഴ്ത്തിയിട്ടുണ്ട്. സാം ഇസ്മായിലിന്റെ കമ്പ്യൂട്ടർ സയൻസ് ബാക്ക്ഗ്രൗണ്ടും ഹാക്കിങ് പരിചയവും ഇതിനു കാരണമായിട്ടുണ്ട്. കൂടാതെ, സീരീസിന്റെ ടെക്നോളജി കൺസൾട്ടന്റായ കോർ അഡാനയും സൈബർസെക്യൂരിറ്റി മേഖലയിൽ പ്രവർത്തിപരിചയമുള്ള വ്യക്തിയാണ്. പലരും ഈ സീരീസിന്റെ കുറച്ച് ഭാഗം മാത്രം കണ്ട് സിനിമാ ഗ്രൂപ്പുകളിൽ “ഉറക്കഗുളിക” എന്നൊക്കെ പറഞ്ഞ് ഒഴിവാക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ഒഴിവാക്കിയാൽ ഒരു സിനിമാപ്രേമി എന്ന നിലയിൽ നിങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണെന്നേ ഞങ്ങൾ പറയൂ. പ്രൈം വീഡിയോയിൽ ലഭ്യമാണ്.
The IT Crowd
2006 ‧ Sitcom ‧ 4 seasons
⭐⭐⭐
ഇതൊരു ബ്രിട്ടീഷ് ബ്ലാക്ക് ഹ്യുമാർ സീരിസാണ്. ഒരു കമ്പനിയിലെ ഐ ടി ഡിപ്പാർട്ട്‌മെന്റിൽ നടക്കുന്ന വളരെ രസകരമായ സംഭവങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ സീരിസിന്റെ പ്രത്യേകത. ഐടി ഡിപ്പാർട്ട്‌മെന്റിൽ വർക്ക് ചെയ്യുന്ന 3 പേരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങൾ. ഇതിലെ ചില രംഗങ്ങൾ കണ്ടാൽ എത്ര മസിൽ പിടിച്ച് കണ്ടാലും ചിരി വരും. വളരെ കുറച്ച് എപ്പിസോഡുകൾ മാത്രമുള്ള ഒരു സീരിസാണ് ഇത്. അതിനാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് കണ്ടു തീർക്കാം.
Silicon Valley
2016 ‧ Comedy ‧ 6 Seasons
⭐⭐⭐⭐⭐
സാങ്കേതികവിദ്യ, നവീകരണം എന്നിവയുടെ ആഗോളകേന്ദ്രമായി പ്രവർത്തിക്കുന്ന അമേരിക്കയിലെ സിലിക്കൺ വാലിയിൽ ഒരു കൂട്ടം സുഹൃത്തുക്കളായ പ്രോഗ്രാമ്മേഴ്സ് ചേർന്ന് ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നതും പിന്നീട് അതേത്തുടർന്നുണ്ടാവുന്ന സംഭവികാസങ്ങളും, ഒറ്റയിരുപ്പിന് കണ്ട് തീർക്കാൻ തോന്നിക്കുന്ന തരത്തിൽ, നർമ്മരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സീരീസ് കണ്ട് തീർന്നാലും ഇതിലെ പല കഥാപാത്രങ്ങളും സീനുകളും നമ്മളെ ഓർത്തോർത്ത് ചിരിപ്പിക്കുമെന്ന് തീർച്ച. ഹോട്ട്സ്റ്റാറിൽ കാണാം.
Devs
2020 ‧ Techno-thriller/Sci-fi/Drama ‧ 1 Season
⭐⭐⭐
ക്വാണ്ടം കമ്പ്യൂട്ടിങ് (quantum computing) കമ്പനിയായ അമായയിൽ ജോലി ചെയ്യുന്ന കുറച്ച് എഞ്ചിനീയർമാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ഡെവ്സിന്റെ കഥ മുന്നോട്ടുപോകുന്നത്. ഒരു മിസ്റ്ററി ത്രില്ലർ സ്വഭാവമുള്ള ഈ മിനിസീരീസിൽ, സ്വതന്ത്ര ഇച്ഛ, നിയതിവാദം തുടങ്ങിയ തത്വശാസ്ത്രപരമായ വിഷയങ്ങളും ക്വാണ്ടം സിദ്ധാന്തങ്ങളും പ്രതിപാദിക്കുന്നുണ്ട്. കഥാഗതി സ്വല്പം മെല്ലെയാണെന്ന് തോന്നുമെല്ലെങ്കിലും കണ്ടുതീരുമ്പോൾ പുതിയൊരു അനുഭവം നൽകാൻ ഈ സീരീസിനു സാധിക്കുന്നു.
സിനിമകൾ
Ready Player One
2018 ‧ Sci-fi/Action ‧ 2h 20m
⭐⭐⭐⭐⭐
ഫേസ്ബുക്ക് മെറ്റാവേഴ്‌സ് ലോഞ്ച് ചെയ്ത കാര്യം നമ്മൾ അറിഞ്ഞിരിക്കുമല്ലോ. ഇനി ഭാവിയിൽ നമ്മളുടെ ജോലിയും സൗഹൃദ ലോകവും എല്ലാം ഒരു ചെറിയ കണ്ണാടി അല്ലെങ്കിൽ വിർച്വൽ റിയാലിറ്റി ലെൻസിൽ കൂടിയായിരിക്കും എന്ന് ഉറപ്പിക്കാം. ഇനി സംഭവിക്കാൻ പോകുന്ന ഈ കാര്യങ്ങൾ ഭാവിയിൽ എങ്ങനെയാണ് എന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു അടിപൊളി സിനിമയാണ് റെഡി പ്ലെയർ വൺ. ഭാവിയിൽ നടക്കുന്ന കഥയായിട്ടാണ് സിനിമയിലെ സംഭവങ്ങൾ. ഇതിലെ നായകൻ വിർച്വൽ ലോകത്ത് അനുഭവിക്കുന്ന കാര്യങ്ങളും അവിടെയുള്ള കാഴ്ച്ചകളും എല്ലാം ഒരു സ്വപ്നലോകത്തിൽ എത്തി നിൽക്കുന്ന അനുഭൂതിയിൽ സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് അവതരിപ്പിക്കുന്നു. ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടം എന്ന് വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. തീർച്ചയായും കാണുക.
The Social Network
2010 ‧ Drama/History ‧ 2 hours
⭐⭐⭐⭐
നമ്മുടെയെല്ലാം പ്രിയങ്കരനായ ഫേസ്ബുക്ക് സോഷ്യൽ മീഡിയയുടെ സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ ജീവിത കഥ സിനിമയാക്കിയതാണ് ദി സോഷ്യൽ നെറ്റവർക്ക്. ഡേവിഡ് ഫിഞ്ചർ എന്ന സംവിധായകന്റെ മികവിൽ ജെസ്സി ഹെയ്‌സൻബർഗ് എന്ന നടനെ മാർക്ക് സുക്കർബർഗിന്റെ കഥാപാത്രത്തിൽ 2010 ൽ പുറത്തിറക്കിയ ഈ ചിത്രം മികച്ച ഒരു അനുഭവമാണ് ഒരു ഡിജിറ്റൽ എന്തുസിയാസ്റ്റായ എനിക്ക് കിട്ടിയത്. ഈ ചിത്രം കാണുമ്പോഴാണ് ഫേസ്ബുക് എന്ന ഇതിഹാസ പ്രസ്ഥാനം ഉണ്ടായത്തിന് പിന്നിൽ ഒരുപാട് നടക്കിയമായ സംഭാവങ്ങൾ നടന്നിട്ടുണ്ട് എന്ന് മനസിലാകുന്നത്. എന്തായാലും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ദി സോഷ്യൽ നെറ്റവർക്ക്.
The Internship
2013 ‧ Comedy ‧ 1h 59m
⭐⭐⭐⭐
ഗൂഗിളിൽ ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും ആഗ്രഹിച്ചിട്ടുണ്ടാകും. ഈ ആഗ്രഹിച്ച കാര്യത്തെ കൂടുതൽ ആഗ്രഹിപ്പിക്കുവാൻ The Internship എന്ന സിനിമക്ക് സാധിക്കും. 2 മധ്യവയസ്കരായ വ്യക്തികൾ ഗൂഗിളിൽ ജോലി നേടാൻ ഇന്റർന്സ് ആയി കേറുന്നതാണ് സിനിമയിലെ കഥ. ഗൂഗിൾ എന്ന സ്ഥാപനത്തിൽ നടക്കുന്ന രസകരമായ എല്ലാ കാര്യങ്ങളും ഈ ഒരു കൊച്ചു ചിത്രത്തിൽ കൂടി നമുക്ക് കാണാൻ സാധിക്കുന്നു. ഗൂഗിളിൽ ജോലിക്ക് കയറുവാൻ തന്നെ തോന്നി പോകും ഈ സിനിമ കഴിയുമ്പോഴേക്കും. ഗൂഗിൾ സ്ഥാപകനായ സെർജി ബ്രിൻ ഈ സിനിമയുടെ അവസാനം ഒരു ചെറിയ ഷോർട്ടിൽ പ്രതീക്ഷപെടുന്നുണ്ട്. കണ്ടിട്ടുള്ളവർ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്ന ഒരു സിനിമ. തീർച്ചയായും കണ്ടുനോക്കു.
Ex Machina
2014 ‧ Sci-Fi ‧ 1h 48m
⭐⭐⭐⭐
ഡെവ്സിന്റെ സൃഷ്ടാവായ അലക്സ് ഗാർലൻഡിന്റെ ആദ്യ സംവിധാനശ്രമമാണിത്. കൃത്രിമബുദ്ധിയുള്ള (AI) ഒരു ഹ്യൂമിനോയ്ഡ് റോബോട്ടിന്റെ ബുദ്ധി പരീക്ഷിക്കാൻ ഒരു ടെക് കമ്പനിയുടെ സി.ഇ.ഓ. തീരുമാനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എക്സ് മാക്കിനയുടെ ഇതിവൃത്തം. റോബോട്ടും മനുഷ്യനും തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്നും ഒരു അതിർവരമ്പ് വേണോയേന്നുമുള്ള ചിന്തകൾ സിനിമ പങ്കുവെയ്ക്കുന്നു. കൃത്രിമബുദ്ധിയും റോബോട്ടിക്സും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.
Searching
2018 ‧ Mystery ‧ 1h 42m
⭐⭐⭐⭐
ചിത്രീകരണരീതിയിലെ പുതുമ കൊണ്ടാണ് ഈ സിനിമയെപ്പറ്റി പരാമർശിക്കുന്നത്. പൂർണ്ണമായും കമ്പ്യൂട്ടർ സ്ക്രീനും ഫോൺ സ്ക്രീനും ചിത്രീകരിച്ചുകൊണ്ടുള്ള ഒരു ത്രില്ലർ സിനിമയാണിത്. സ്ക്രീൻലൈഫ് എന്നാണ് ഇത്തരം ചിത്രീകരണ രീതിക്ക് പറയുക. ഗോപ്രോ, ഡ്രോൺ, ഡിജിറ്റൽ ക്യാമറ, വെബ്കാം എന്നിവ ഉപയോഗിച്ചാണ് ഈ സിനിമയുടെ ചിത്രീകരണം നടത്തിയത്. പല സീനുകളിലും അഭിനേതാക്കൾ ഒരു കറുത്ത കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി അഭിനയിക്കുന്നത് ഗോപ്രോയിൽ ചിത്രീകരിച്ചു. അവരുടെ കണ്ണുകൾ കേഴ്സറിന് അനുസരിച്ച് എവിടെയാണ് വരേണ്ടതെന്ന് പ്രത്യേകം മാർക്ക് ചെയ്തിട്ടുമുണ്ടായിരുന്നു. 2002-ൽ പുറത്തിറങ്ങിയ “ദ കോളിങ്സ്‌വുഡ് സ്റ്റോറി” (The Collingswood Story) എന്ന സിനിമയാണ് ആദ്യത്തെ സ്ക്രീൻലൈഫ് സിനിമയായി കണക്കാക്കുന്നത്. വീഡിയോ ചാറ്റ് മുഖ്യധാരയിലേക്ക് വരുന്നതിന് മുൻപ് തന്നെ ഈ സിനിമയിൽ കാണിച്ചു എന്ന പ്രത്യേകതയും ഉണ്ട്. മലയാളത്തിൽ ലോക്ഡൗൺ സമയത്ത് ഇറങ്ങിയ ‘C U Soon’ എന്ന സിനിമ നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. അതും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.
The Social Dilemma
2020 ‧ Documentary/Docudrama ‧ 1h 34m
⭐⭐⭐⭐
നമ്മൾ ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് വളരെ കൂടുതലായി പോകുന്നുണ്ടോ എന്ന് തോന്നിയിട്ടുണ്ടോ? വീട്ടുകാരോടും കൂട്ടുകാരോടും ചിലവിടേണ്ട സമയം നമ്മൾ സ്മാർട്ട്ഫോണിനുള്ളിലെ ലോകത്തിൽ ചിലവാക്കേണ്ടി വരുന്നത് ശെരിക്കും ഒരു ഭീതിപ്പെടുത്തുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി മനുഷ്യന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളെ ഒട്ടും മറയില്ലാതെ തുറന്ന് കാട്ടുന്ന ഒരു അടിപൊളി നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയാണ് ദി സോഷ്യൽ ഡെലിമ്മ. ഓരോ നിമിഷവും നമ്മുടെ ഡിജിറ്റൽ ആക്ടിവിറ്റികൾ എങ്ങനെ ട്രാക് ചെയ്യുന്നു അത് വെച്ച് സോഷ്യൽ മീഡിയ എങ്ങനെ നമ്മളെ കൺട്രോൾ ചെയ്യുന്നു എന്ന കാര്യങ്ങൾ ഇതിൽ വളരെ വ്യക്തമായി കാണിച്ചുതരുന്നു. ഈ സാഹചര്യങ്ങൾ കൂടുതലും അനുഭവിക്കാൻ പോകുന്നത് ഇപ്പോഴത്തെ പുതിയ തലമുറയാണ്. Gen Z തലമറയും ഇപ്പോഴുള്ള മറ്റ് തലമുറകളും തമ്മിലുള്ള വിത്യാസം ഇതിൽ വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കടന്നുകയറ്റം തന്നെയാണ് ഇതിലെ പ്രധാന വിഷയം. തീർച്ചയായും കാണുക.
മലയാളം ഓ ടി ടി പ്ലാറ്റുഫോമുകൾ സിനിമകൾ, സീരീസുകൾ, ഷോർട്ട് ഫിലിമുകൾ എല്ലാം കാണാം
സിനിമകൾ സൗജന്യമായി കാണാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ
പുതിയതായി കാണുന്നതിനനുസരിച്ച് സിനിമകളും സീരീസുകളും ചേർത്ത് ഞങ്ങൾ ഈ പോസ്റ്റ് പുതുക്കുന്നതാണ്. അതിനാൽ മറക്കാതെ, ബുക്ക്മാർക്ക് ചെയ്തിടുക.
വളരെ മികച്ച ആർട്ടിക്കിൾ. ഇതിൽ സിലിക്കൺ വാലി ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. ഒരുപാട് ചിരിക്കാനുണ്ട്.
മിസ്റ്റർ റോബോട്ട് കണ്ടില്ല എങ്കിൽ വളരെ നഷ്ടമാണ്
Super… Listilulla oronnum kandu thudanganam
Kindly add Black Mirror to the list.. watch it first & experience. The series explains how our future looks when we depend on technology. The good and bad effects… Must watch