The world of metaverse Digital Malayali

മെറ്റാവേർസ് എന്ന അത്ഭുത ലോകം

നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ഇന്റർനെറ്റിന് ഒരുപാട് പരിമിതികളുണ്ട് എന്ന് അറിയാമല്ലോ? ഇപ്പോൾ ഇന്റർനെറ്റിൽ നടക്കുന്ന പല കാര്യങ്ങളും ഒരു 2D അനുഭവത്തിലാണ് സംഭവിക്കുന്നത്. ഈ ഒരു 2D അനുഭവത്തെ 3D അനുഭവത്തിലേക്ക് മാറ്റുവാനാണ് മെറ്റാവേർസ് എന്ന ടെക്നോളജി നമ്മളെ സഹായിക്കുന്നത്. ഒരു ചെറിയ വിർച്വൽ റിയാലിറ്റി ഗ്ലാസിൽ കൂടി ലോകത്തെ മുഴുവൻ നേരിട്ടനുഭവിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ നമുക്ക് സാധിക്കുന്നു. മറ്റൊരു ലോകത്തിൽ ജീവിക്കാനും സമ്പാദിക്കാനും കഴിയും എന്ന് പറയുന്നത് ഇനി പഴങ്കഥയല്ല.

മെറ്റാവേർസ് എന്ന സാങ്കേതികവിദ്യയിൽ മാർക്കറ്റ് കീഴടക്കുവാൻ ഇന്ന് പല കമ്പനികളും വളരെ നന്നായി ശ്രമിക്കുന്നുണ്ട്. അതിന്റെ ആദ്യ പടിയായിട്ടാണ് ഫേസ്ബുക്ക് അവരുടെ കമ്പനി മെറ്റാ എന്നതിലേക്ക് പേര് മാറ്റിയത്. ഫേസ്ബുക്ക് മാത്രമല്ല മൈക്രോസോഫ്റ്റ്, എൻ വീഡിയ, എച് ടി സി തുടങ്ങിയ വമ്പൻ കമ്പനികൾ മുതൽ, ചെറിയ കമ്പനികൾ വരെയും ഈ മത്സരത്തിൽ നന്നായി പരിശ്രമിക്കുന്നുണ്ട്.

 

മെറ്റാവേർസിന്റെ ഭാവി

ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന 2D ഇന്റർനെറ്റ് അവസാനിക്കുവാൻ ഇനി വളരെ കുറച്ച് സമയം കൂടി മാത്രമേ കാണു. ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന ഡിജിറ്റൽ മലയാളി എന്ന ബ്ലോഗ് പോലും നാളത്തെ മെറ്റാവേർസ് യുഗത്തിൽ കാണുമൊന്നു സംശയമാണ്. ഒന്നല്ലങ്കിൽ മറ്റൊരു രീതിയിൽ എന്തായാലും മാറ്റത്തെ നമ്മൾ എല്ലാവരും ഉൾക്കൊള്ളണം, അത് തീർച്ച. ഒരു മുറിയിൽ ഇരുന്നു ഒരു ഗ്ലാസ്സിലൂടെ ലോകത്തേയും സുഹൃത്തുക്കളെയും കണ്ട് അവരുടെ വിർച്വൽ അവതാറുമായി സംസാരിക്കുവാൻ കഴിയുന്നത് എത്ര നല്ല കാര്യമാണ്. പല രാജ്യത്തുള്ളവർ ജോലിക്ക് ശേഷം ചില സ്ഥലങ്ങളിൽ ഒത്തുകൂടി അനുഭവങ്ങൾ പങ്കുവെക്കുന്നതും ഒക്കെ സിനിമയിൽ മാത്രമായിരുന്നു കാണുവാൻ സാധിച്ചത്.

ഇപ്പോൾ തന്നെ പല കമ്പനികളും വർക്ക് ഫ്രം ഹോം സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്, ഇതുകൊണ്ട് തന്നെ കമ്പനികൾക്ക് പരിമിതികൾ ഇല്ലാതെ പല രാജ്യത്തുനിന്നും ആളുകളെ ഹയർ ചെയ്യാം. മെറ്റാവേർസ് വരുന്നതോടു കൂടി കുറെ കൂടി മികച്ച രീതിയിൽ ജോലി ചെയ്യുവാൻ സാധിക്കുന്നു. മീറ്റിങ്ങുകൾ ഒരു ഓഫീസിൽ റൂമിൽ നിന്നും പങ്കുകൊള്ളുന്നത് പോലെ ഈ മെറ്റാവേർസ് ലോകത്തിലും നിങ്ങൾക്ക് അനുഭവിക്കാം. പഠനം ഇനി ടെക്സ്റ്റ് ബുക്കുകളിൽ ഒതുങ്ങാതെ ലോകത്തെ തന്നെ കണ്ടുകൊണ്ട് പഠിക്കാം. ഹിസ്റ്ററിയിൽ ഈജിപ്ത് പിരമിഡിനെ പറ്റി പഠിക്കുമ്പോൾ അത് നേരിട്ട് അനുഭവിച്ച് പഠിക്കുന്ന ഗുണം എവിടെ കിട്ടും.

 

ഫേസ്ബുക്ക് എന്തുകൊണ്ട് മെറ്റാവേർസിന് ഇത്ര പ്രാധാന്യം നൽകുന്നു.

മെറ്റാവേർസ് എന്ന് പലരും കേട്ടത് ഫേസ്ബുക്ക് അവതരിപ്പിച്ചപ്പോഴാണ്, എന്തുകൊണ്ടാണ് ഫേസ്ബുക്ക് ഇതിന് ഇത്ര പ്രാധാന്യം കൊടുത്ത് അവതരിപ്പിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ ഫേസ്ബുക്കിന് ആപ്പിൾ ആൻഡ്രോയിഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ പ്രൈവസിയുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി വാർത്തകൾ കേൾക്കുന്നില്ലേ? ഈ പ്രൈവസി പോളിസി കാരണം അവർക്ക് അവരുടെ ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ ടാർഗെറ്റ്ഡ് പരസ്യം കൊടുക്കുവാൻ സാധിക്കാതാകുന്നു. ലക്ഷകണക്കിന് പരസ്യദാതാക്കൾ ഈ കാരണം മൂലം ഫേസ്ബുക്കിൽ പരസ്യം ചെയ്യുവാൻ ഉപയോഗിക്കുന്ന തുകയുടെ അളവ് നന്നായി ചുരുക്കി. ഇത് ഫേസ്ബുക്കിന് നല്ല ആഘാതം ഏല്പിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുവാൻ ഫേസ്ബുക്ക് അവരുടെ യുസേഴ്‌സിന് ഫേസ്ബുക്കിന് പങ്കാളിത്തമുള്ള ഒരു ഉപകരണം നൽകേണ്ടിവരും, മിക്കവാറും അത് ഒക്കുലസ് ആയിരിക്കണം. ഈ ഡിവൈസ് മറ്റുള്ളവർ മാർക്കറ്റിൽ അവതരിപ്പിച്ച് മാർക്കറ്റ് കീഴടക്കുന്നതിനു മുമ്പ് മൊണോപൊളി ആകുവാനുള്ള ശ്രമമാണ് ഈ മെറ്റാ എന്നതിലേക്കുള്ള പേര് മാറ്റവും.

 

മെറ്റാവേർസിനെ ഭയക്കാൻ കാരണം

ഒരുപാട് ഗുണങ്ങൾ മെറ്റാവേർസ് എന്ന സാങ്കേതികവിദ്യയിലൂടെ നമുക്ക് ലഭിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ഗുണങ്ങൾ അറിയുമ്പോഴും ദോഷങ്ങളെ കുറിച്ച് പറയാതിരിക്കുവാൻ സാധ്യമല്ല.

ഇപ്പോൾ നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം നോക്കുന്നത് പലരും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള അപ്പുകളാണ്. ഇത് രാവിലെ നോക്കുവാൻ സാധിച്ചില്ല എങ്കിൽ ചില ആളുകൾക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറയുന്നുണ്ട്. ചില കുട്ടികൾ പബ്‌ജി പോലുള്ള ഗെയിം കളിക്കുവാൻ അവരുടെ മാതാപിതാക്കളുടെ ഫോണിന് വേണ്ടി കരയുന്ന സന്ദർഭങ്ങൾ നമ്മൾ പലരും പലയിടത്തും കണ്ടിട്ടുള്ളതാണ്. മണിക്കൂറുകളോളം ഫോണിൽ ഗെയിം കളിക്കുവാൻ Gen Z തലമുറകൾക്ക് യാതൊരു മടുപ്പും കൂടാതെ സാധിക്കും.

ഈ കാര്യങ്ങൾ തന്നെയാണ് മെറ്റാവേർസ് വന്നാൽ വില്ലനായി വരുന്നതും. പഠന ആവശ്യങ്ങൾക്കും വർക്ക് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വിർച്വൽ റിയാലിറ്റി ഗ്ലാസ്സുകൾ ആളുകൾ നിരന്തരം ഉപയോഗിച്ച് മെറ്റാവേർസ് ലോകത്തിൽ തന്നെ ലയിച്ചുപോകും. ശരിക്കുള്ള ജീവിതത്തിൽ പലർക്കും കിട്ടാത്ത സ്വാതന്ത്യം മെറ്റാവേർസ് ലോകത്ത് ലഭിക്കുമ്പോൾ ആ ലോകത്ത് നിന്നും തിരികെ വരുവാൻ പലർക്കും മടി കാണും. ഈ കാര്യങ്ങൾ ഉൾപ്പെടുത്തി സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത് പുറത്തിറക്കിയ ഒരു സിനിമയാണ് റെഡി പ്ലെയർ വൺ.

മെറ്റാവേർസിലൂടെ ലോകം ഇനി ശരിക്കും ഒരു വലിയ മാറ്റം തന്നെയാണ് കാണുവാൻ പോകുന്നത്.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ